മാത്യു കുഴല്‍നാടന് 'അറ്റന്‍ഷന്‍ സീക്കിംഗ് സിന്‍ഡ്രോം'; കോണ്‍ഗ്രസ് ചികിത്സ നല്‍കണം, പണം ഡിവൈഎഫ്‌ഐ നല്‍കാമെന്ന് എഎ റഹീം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ മാസപ്പടി ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ എഎ റഹീം എംപി. മാത്യു കുഴല്‍ നാടന്റേത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള തന്ത്രമാണെന്നും അറ്റന്‍ഷന്‍ സീക്കിംഗ് സിന്‍ഡ്രോം എന്ന രോഗമാണെന്നും എഎ റഹീം പറഞ്ഞു.

കെപിസിസി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴല്‍നാടന്റെ ലക്ഷ്യം. കേരള രാഷ്ട്രീയത്തെ കുഴല്‍നാടന്‍ മലിനമാക്കുന്നു.കേരളം ഇത് തിരിച്ചറിയണമെന്നും കോണ്‍ഗ്രസ് മാത്യു കുഴല്‍നാടന് വേണ്ട ചികിത്സ നല്‍കണമെന്നും റഹീം എംപി കൂട്ടിച്ചേര്‍ത്തു. മാത്യു കുഴല്‍നാടന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം വേണമെങ്കില്‍ ഡിവൈഎഫ്‌ഐ നല്‍കാമെന്നും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ അറിയിച്ചു.

എങ്ങനെയെങ്കിലും കെപിസിസി ട്രഷററാകുക എന്നതാണ് കുഴല്‍ നാടന്റെ ആവശ്യം. വീണ വിജയന്റെ കമ്പനി ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു ഇതുവരെ ആരോപിച്ചിരുന്നത്. ഇപ്പോള്‍ ഐജിഎസ്ടി അടച്ചെന്ന് വ്യക്തമായ സാഹചര്യത്തിലും എംഎല്‍എ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയോടു കുടുംബത്തോടും മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും റഹീം എംപി കുറ്റപ്പെടുത്തി.

അതേ സമയം ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞെന്ന് താന്‍ ജനങ്ങളോട് വിശദീകരിക്കുമെന്നും അതിന് ശേഷം മാപ്പ് പറയണോ എന്ന കാര്യം തീരുമാനിക്കുമെന്നും എംഎല്‍എ അറിയിച്ചു.