സംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മറിയക്കുട്ടി; മധുരം നല്‍കി കുമ്മനം രാജശേഖരന്‍

സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി. പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. പരിപാടിയില്‍ പങ്കെടുത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മറിയക്കുട്ടിക്ക് മധുരം നല്‍കി. പ്രതിഷേധം നടത്തിയവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസിന് ജനങ്ങള്‍ക്ക് അഞ്ച് പൈസ നല്‍കിയിട്ടില്ല. അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നില്ല. ജനങ്ങള്‍ പട്ടിണിയിലാണ്. പഠിച്ച കുട്ടികള്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ 1,000 കോടി പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി അഭിപ്രായപ്പെട്ടു.