മരടിലെ ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് സുപ്രീംകോടതി, ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്

മരടിലെ ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത ആറാഴ്ചത്തേക്ക്  പൊളിക്കേണ്ടെന്നും തല്‍സ്ഥിതി തുടരട്ടെയെന്നുമാണ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ കോടതി അനുവദിച്ച സമയ പരിധി ശനിയാഴ്ച അവസാനിച്ചിരുന്നു.

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു. ഒരു മാസത്തിനകം പൊളിച്ച് നീക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന സുപ്രീംകോടതി ഉത്തരവ്.

ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടെങ്കിലും ആര് പൊളിക്കണം എന്ന് പറയാത്തതിനാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാരോ നഗരസഭയോ തയ്യാറായിരുന്നില്ല. കെട്ടിടം പൊളിക്കാനുള്ള പണമില്ല, സാങ്കേതിക വിദ്യയില്ല, പൊളിച്ച മാലിന്യം തള്ളാന്‍ സ്ഥലമില്ല ഇങ്ങനെ നിരവധി കാരണങ്ങളായിരുന്നു നഗരസഭക്ക് മുന്നിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വര്‍ഷത്തില്‍ നാല് കോടി രൂപ മാത്രം വരുമാനമുള്ള നഗരസഭയ്ക്ക് 28 കോടിയോളം പൊളിക്കാനുള്ള പണം കണ്ടെത്തുന്നതിലും പ്രയാസമുണ്ടെന്നായിരുന്നു നഗരസഭയുടെ നിലപാട്