48 മണിക്കൂറിനകം ഒഴിയുന്നത് അപ്രായോഗികമെന്ന് ഫ്‌ളാറ്റുടമകള്‍; സ്‌ഫോടനം വീടു തകര്‍ക്കുമോ എന്ന ആശങ്കയില്‍ പരിസരവാസികള്‍

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍. ഒഴിഞ്ഞു പോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ ഇത് നീട്ടണമെന്ന ആവശ്യം ഫ്‌ളാറ്റ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. 180 കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. 521 ഫ്‌ളാറ്റുകള്‍ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും നേരത്തെ ഒരു വിഭാഗം ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.

നഗരസഭ താമസിക്കാന്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞു പോകാന്‍ ഇനിയും സമയം വേണമെന്നതാണ് മരട് ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം. കൂടാതെ പല ഫ്‌ളാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും ലോണും തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്‌ളാറ്റുടമകള്‍ പറയുന്നു. മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.

Read more

ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ കൂടുതല്‍ പരിസരവാസികള്‍ ആശങ്ക അറിയിച്ചു. ഇവര്‍ പ്രതിഷേധ സൂചകമായി ഇന്ന് വൈകീട്ട് ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിനു മുന്നില്‍ ഒത്തുചേരും. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.