മരട് സ്‌ഫോടനം: മാറിതാമസിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനു മുമ്പേ വീടുകള്‍ ഒഴിഞ്ഞ് സമീപവാസികള്‍; സബ്കളക്ടര്‍ക്കെതിരെ വിമര്‍ശനം

മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയതോടെ വീടുകള്‍ ഒഴിഞ്ഞ് സമീപവാസികള്‍. മാറി താമസിക്കാന്‍ നിര്‍ദ്ദേശം ലഭിക്കുന്നതിന് മുമ്പേയാണിത്. അതേ സമയം സ്‌ഫോടനത്തിന് ആറുദിവസം മുമ്പ് മാറിതാമസിക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ സബ്കളക്ടര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

“പ്രദേശവാസികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആദ്യമീറ്റിങ്ങ് ഇന്നലെയായിരുന്നു. അതില്‍ കൗണ്‍സിലേഴ്‌സിനെ മാത്രമാണ് പങ്കെടുപ്പിച്ചത്”. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രദേശവാസിയെ കയറ്റുക പോലും ചെയ്തില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന ദിവസം വീടുകളില്‍ നിന്ന് മാറിയാല്‍ മതിയെന്ന് കളക്ടര്‍ പറയുമ്പോള്‍ ഒന്‍പതാം തിയതി കെഎസ്ഇബി വൈദ്യുതി ബന്ധം വിച്‌ഛേദിക്കുമെന്നത് പ്രതിസന്ധിയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Read more

അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ഫ്‌ലാറ്റുകള്‍ അഞ്ച് മിനിറ്റിന്റെ സമയവ്യത്യാസത്തില്‍ പൊളിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രൂപരേഖ തയ്യാറാക്കിതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. ഓരോ ഫ്‌ലാറ്റിന് സമീപത്തും 500 പൊലീസുകാരെ വീതം വിന്യസിക്കും.