'കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാന്‍ ശ്രമം' സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി തലശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് പാംപ്ലാനി വിമര്‍ശനം ഉന്നയിച്ചത്.

പള്ളീലച്ചന്‍മാര്‍ക്ക് ആവശ്യത്തിന് വൈന്‍ നിര്‍മിക്കാന്‍ വേണ്ട അനുവാദം ഞങ്ങള്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ട് പിടയ്‌ക്കേണ്ട കാര്യമില്ല എന്ന് മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ വിശ്വാസികള്‍ക്ക് അത് വൈന്‍ അല്ലെന്നും, തിരുരക്തമാണെന്നും പാംപ്ലാനി പറഞ്ഞു. ആ തിരുരക്തത്തെ ചാരി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാനാണ് ശ്രമം.

Read more

സര്‍ക്കാരിന്റെ നീക്കം ദുഃഖകരവും വിശ്വാസത്തോടുള്ള പരസ്യമായ ആക്ഷേപവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ 20ാം തിയതിയാണ് തലശേരി രൂപതയുടെ അദ്ധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനം ഏറ്റത്.