മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം; 25 പ്രതികള്‍ക്കും ജീവപര്യന്തം, 50,000 രൂപ പിഴയും

പാലക്കാട് മണ്ണാര്‍കാട് കാഞ്ഞിരപ്പുഴയില്‍ രണ്ട് എ പി സുന്നി പ്രവര്‍ത്തകരെ കൊന്ന കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം. പാലക്കാട് അഡീഷനല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പാലക്കാപറമ്പില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്‍, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസില്‍ നാലാം പ്രതിയായിരുന്ന ഹംസപ്പ വിചാരണ തുടങ്ങുംന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.സി. കൃഷ്ണന്‍ നാരായണനാണ് ഹാജരായത്.

2013 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. സി.പി.എം പ്രവര്‍ത്തകരും സഹോദരങ്ങളുമായ ഹംസ, നൂറുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.

പള്ളിയില്‍ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 25 പേരാണ് പ്രതികള്‍. ഇവര്‍ ലീഗ് പ്രവര്‍ത്തകരോ, പാര്‍ട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്. ആകെ 90 സാക്ഷികളെ വിസ്തരിച്ചിരുന്നു.