മണിപ്പൂര്‍ മലയാളികള്‍ക്കും മുന്നറിയിപ്പ്; കലാപ തീ കൂടുതല്‍ പടരാതിരിക്കാന്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എ.എ റഹിം

മണിപ്പൂര്‍ മലയാളികള്‍ക്കും മുന്നറിയിപ്പാണെന്ന് എഎ റഹിം എംപി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബിജെപിയുടെ എല്ലാകാലത്തെയും രാഷ്ട്രീയ ആയുധമാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച വിഭജന തന്ത്രത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്രസമരം വിജയിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനുമായി സമാധാനത്തോടെയും പരസ്പരം സ്‌നേഹത്തോടെയും ജീവിക്കുന്ന മനുഷ്യരെ ബിജെപി ഭിന്നിപ്പിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം.

എത്രയോ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിന്റെ ഈ നീചമായ രാഷ്ട്രീയ നീക്കങ്ങള്‍ ചോരയും മനുഷ്യന്റെ ശവങ്ങളും വീഴ്ത്തി. ഇപ്പോള്‍ മണിപ്പൂരിലെ മലനിരകളും മനുഷ്യരും കത്തിയമരുന്നു.’എന്റെ നാട് കത്തുകയാണെന്ന്’ മേരി കോമിന്റെ വിലാപം മനസ്സുലക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല. ‘കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണെന്നും ചരിത്ര പ്രാധാന്യമുള്ളത് ഉള്‍പ്പെടെ 17 പള്ളികള്‍ ഇതിനോടകം തകര്‍ക്കപ്പെട്ടു’എന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് സ്ഥിരീകരിക്കുന്നു.

പക്ഷേ നിര്‍ഭാഗ്യവശാല്‍ രാജ്യം ഭരിക്കുന്നവര്‍ കത്തിയെരിയുന്ന ചര്‍ച്ചുകളും,കൊല്ലപ്പെടുന്ന മനുഷ്യരെയും കണ്ടില്ലെന്ന് നടിക്കുകയാണ്.കാരണം,സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെപ്പോലെ കേരളവും ബിജെപിയെ സ്വീകരിക്കുമെന്നാണ് മുന്‍പ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

ആ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ദുരവസ്ഥ ഇന്ന് കേരളം നേരില്‍ കാണുന്നു. മണിപ്പൂരിലെ കലാപ തീ കൂടുതല്‍ പടരാതിരിക്കാന്‍ പ്രധാനമന്ത്രി മൗനം വെടിയണം.സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ നേട്ടത്തിന് ബിജെപി പദ്ധതിയിടുമ്പോള്‍ മണിപ്പൂര്‍ നമുക്കും മുന്നറിയിപ്പാകുന്നു.