മാനേജ്‌മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍; കെ.എസ്.ഇ.ബി പ്രശ്‌നപരിഹാരം ഒരാഴ്ച്ചക്കുള്ളില്‍: കെ. കൃഷ്ണന്‍കുട്ടി

കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനേജ്‌മെന്റും ജീവനക്കാരും വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. കെഎസ്ഇബി ജീവനക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനിലൂടെയാണ് ചര്‍ച്ച നടന്നത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും വിഷയത്തില്‍ ഇടപെടാന്‍ വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി തനിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. മുന്‍ധാരണകളൊന്നും കൂടാതെ തീരുമാനമെടുക്കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതേസമയം വൈദ്യുതി ഭവന് മുന്നില്‍ ജിവനക്കാര്‍ നടത്തിവന്ന അനിശ്ചിത കാല സമരം ഇന്നലെ താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. മെയ് 16 ന് മുമ്പ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം. ഇല്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.