പ്രൊഫസർ എംകെ സാനുവിന് വിട നൽകാൻ മലയാള സാഹിത്യലോകം; രാവിലെ 10 മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് അഞ്ചിന്

പ്രൊഫസർ എംകെ സാനുവിന് കേരളം ഇന്ന് യാത്രാമൊഴി ചൊല്ലും. രാവിലെ  മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പതു മണി മുതൽ വീട്ടിൽ പൊതുദർശനമുണ്ടാകും. ഇതിനുശേഷം പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദ‍ർശനം നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 .35 ന് ആയിരുന്നു 99 വയസായിരുന്ന സാനുമാഷിൻറെ വിയോഗം. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫസ‍ർ എംകെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അർപ്പിക്കും. വീട്ടിൽ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.

Read more

മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരിൽ ഒരാളാണ് വിടവാങ്ങിയത്. ചങ്ങമ്പുഴ കൃഷ്ണപിള്ള, പികെ ബാലകൃഷ്ണൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.