പോളിംഗ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടി; തൃക്കാക്കരയില്‍ ജോ ജോസഫ് ജയിക്കുമെന്ന് കെ.വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് കെ വി തോമസ്. അതേ സമയം സ്ഥിതിഗതികള്‍ സിപിഎമ്മിന് ഗുണമാകുമെന്നും ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം പ്രചാരണത്തില്‍ നിന്ന് മാറി നിന്നത് തോല്‍വി ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ തോമസ് മത്സരിക്കേണ്ടിയിരുന്നില്ല പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വം. താനൊക്ക മത്സരിച്ചിരുന്ന സമയത്ത് പോളിങ് ശതമാനം കൂടിയാല്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പോളിങ് ശതമാനം നോക്കി വിജയിയെ പ്രവചിക്കാന്‍ കഴിയില്ല.

സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് വോട്ടു ചെയ്തശേഷം ആളുകള്‍ അഭിപ്രായപ്പെട്ടത്. ജോ ജോസഫ് കംഫര്‍ട്ടബിള്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളില്‍ പലരും തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റേത് ഏകപക്ഷീയമായ സമീപനമാണെന്നും കെ വി തോമസ് ആരോപിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ധാരാളം കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിട്ടു സിപിഎമ്മിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും തോമസ് പറഞ്ഞു.