ലോക്‌സഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ വീണ്ടും സുരേഷ് ഗോപി, പാലക്കാട് കൃഷ്ണകുമാര്‍ തന്നെ

തൃശൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ഇത്തവണയും നടനും എംപിയുമായ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്ന് സൂചന. പാലക്കാടും ബിജെപി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ വര്‍ഷം ജനവിധി തേടിയ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്നെയാവും ഇത്തവണയും മത്സരിക്കുക.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എംപിയായ ടിഎന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു ലഭിച്ചത്. പാലക്കാട് കൃഷ്ണകുമാറിന് രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ മുന്നണികളെല്ലാം സജീവ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍ഡിഎഫ് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കൃത്യമായ കണക്കുകൂട്ടലിലാണ്. 19 ലോക്സഭാ സീറ്റുകള്‍ കൈയിലുള്ള യുഡിഎഫ് ആകട്ടെ ഇത് നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളിലാണ്.