ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് മണ്ഡലപര്യടനം പൂര്‍ത്തിയാകും, നാളെ കലാശക്കൊട്ട്

സംസ്ഥനത്ത് ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. നാളെ ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. വ്യാഴാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ചയാണ് കേരളം വിധിയെഴുതുന്നത്. ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

സിഎഎയില്‍ തുടങ്ങിയ പ്രചാരണം അവസാനിക്കുമ്പോൾ പിണറായി- രാഹുൽ വാക്പോരാണ് ചർച്ച. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ മുടങ്ങിയത്, വിലക്കയറ്റം, മാസപ്പടി, കരുവന്നൂര്‍, കോണ്‍ഗ്രസ് നേതാക്കളുടെ കാലുമാറ്റം, കള്ളവോട്ട്, പ്രകടനപത്രിക ഇങ്ങനെ നീളുന്നു പ്രചാരണ വിഷയങ്ങള്‍. ഏറ്റവും കടുത്ത പോര് നടക്കുന്ന വടകരയിലെ ബോംബ് രാഷ്ട്രീയവും വ്യക്തിഹത്യാ ആരോപണവും സംസ്ഥാനമാകെ പ്രതിധ്വനിച്ചു. നേതാക്കള്‍ നിലവിട്ടതോടെ പ്രചാരണവും ദിശമാറി.

നാളെ രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നടക്കും. മൂന്നുമണിയോടെ മണ്ഡലകേന്ദ്രങ്ങളില്‍ താളമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍ പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നിശബ്ദ പ്രചാരണത്തിന്‍റെയും ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും.