ഇനി ഒരച്ഛനും ഈ ഗതി വരരുത്; മകള്‍ അനുഭവിച്ചതിന്റെ നാലില്‍ ഒന്നെങ്കിലും കിരണും അനുഭവിക്കും: വിസ്മയയുടെ അച്ഛന്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍. കേസില്‍ പഴുതടച്ച അന്വേഷണമാണ് നടന്നത്. തന്റെ മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കിരണ്‍ ജയിലില്‍ ആയിരുന്ന സമയത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു. തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ചോദിച്ച് വരുന്ന ആര്‍ക്കും മക്കളെ കെട്ടിച്ച് നല്‍കരുത്. തനിക്ക് സംഭവിച്ചത് പോലെ ഇനി ഒരച്ഛനും സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിസ്മയ കേസില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ.എന്‍. സുജിത്താണ് കേസ് പരിഗണിക്കുന്നത്. ഭര്‍ത്താവ് കിരണിന്റെ സത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണാണ് കേസിലെ പ്രതി. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.