10 എംഎല്‍എമാരും അങ്കത്തിന് ഇറങ്ങട്ടെ, തലസ്ഥാനത്ത് പരീക്ഷണം വേണ്ടെന്ന് സിപിഎം; ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നില്‍കേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. 1 സിറ്റിങ്ങ് എംഎല്‍എമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ സിറ്റിങ്ങ് എംഎല്‍എമാരെയും മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വര്‍ക്കലയില്‍ വീണ്ടും ജനവിധി തേടും. ജോയ് മത്സരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വേണ്ടി വരും. കാര്യങ്ങളില്‍ ജില്ലാ നേതൃത്വം നിലപാടിലെത്തിയെങ്കിലും ഉടനടി തീരുമാനം വേണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. താല്‍ക്കാലിക ജില്ലാ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും.

Read more

തിരുവനന്തപുരവും കോവളവും സിപിഎം ഏറ്റെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ നിര്‍ദേശമുയര്‍ന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആന്റണി രാജുവാണ് തിരുവനന്തപുരത്ത് കഴിഞ്ഞ തവണ വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന നിര്‍ദേശം. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് കോവളം. ഇവിടെ കഴിഞ്ഞ തവണ ജനതാ ദള്‍ ആയിരുന്ന മത്സരിച്ചിരുന്നത്. ഈ സീറ്റും ഏറ്റെടുക്കാനാണ് തിരുവനന്തപുരം ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. സിറ്റിങ് എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാനുളള ജില്ലാ നേതൃത്വം തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചാല്‍ തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥികള്‍ 10 സിറ്റിങ് എംഎല്‍എമാര്‍ തന്നെയാകും. വര്‍ക്കല- വി.ജോയ്, ആറ്റിങ്ങല്‍- ഒ.എസ് അംബിക, വാമനപുരം-ഡി.കെ.മുരളി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ്- വി.കെ.പ്രശാന്ത്, നേമം-വി.ശിവന്‍കുട്ടി, അരുവിക്കര- ജി.സ്റ്റീഫന്‍, പാറശ്ശാല-സി.കെ.ഹരീന്ദ്രന്‍, കാട്ടക്കട- ഐബി സതീശ്, നെയ്യാറ്റിന്‍കര- കെ.ആന്‍സലന്‍