ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം ഉടന്‍: മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ഉടനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്കെ സമാപന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ആവശ്യം വ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിയമസഭ എത്രയും വേഗത്തില്‍ കരട് പാസാക്കുമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം മാപ്പുതരില്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഐഎഫ്എഫ്‌കെ വേദിയില്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

‘ജസ്റ്റീസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ ഭാവി കേരളം സര്‍ക്കാരിന് മാപ്പ് നല്‍കില്ല. ഇത്തവണത്തെ ഐഎഫ്എഫ്‌കെ സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന മേളയാണ്. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു. തെറ്റ് ചെയ്തവന്‍ ഏതുവലിയവന്‍ ആയാലും ശിക്ഷിക്കപ്പെടണം. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വേദിയില്‍ സംസാരിക്കവേ ടി പത്മനാഭന്‍ പറഞ്ഞു.