നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളി; യു.ഡി.എഫ് സഖ്യം വിട്ടു: വെല്‍ഫയര്‍ പാര്‍ട്ടി

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യത്തിനില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം വ്യക്തമാക്കി. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ പേരിൽ യു.ഡി.എഫ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഇതേതുടർന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും എ.ഐ.സി.സിയുടെ നിര്‍ദ്ദേശം പാലിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. മതേതര സ്വഭാവമുള്ള പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി  പ്രാദേശിക നീക്കുപോക്കാണ് വെല്‍ഫയര്‍ പാര്‍ട്ടി നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. അത്തരമൊരു ആവശ്യം ആരോടും ഉന്നയിച്ചിട്ടില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളില്‍ പിന്നീട് തീരുമാനം ഉണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിലാണ് മത്സരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു രാഷ്ട്രീയം ഉണ്ട്. ഒരു ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരിക്കലും യു.ഡി.എഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കാനാകില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.