മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍.ഡി.എഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം. മുന്‍ യു.എ.ഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും ഈ ഇടപാടുകളില്‍ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നത് എന്ന് എ വിജയരാഘവൻ പറഞ്ഞു. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുമെന്നും എ വിജയരാഘവൻ അറിയിച്ചു.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നതെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.