ബഫര്‍സോണ്‍ വിഷയം; നിയമസഭയില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് തര്‍ക്കം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ യുഡിഎഫ് , എല്‍ഡിഎഫ് തര്‍ക്കം. വിഷയത്തില്‍ മൂന്‍ സര്‍ക്കാരുകളുടെ നിലപാടിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പരിസ്ഥിതി മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ എന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് ജനവാസമേഖലയെ പൂര്‍ണമായും ഒഴിവാക്കിയെന്ന് പ്രതിപക്ഷവും അവകാശപ്പെട്ടു.

ബഫര്‍സോണ്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയെന്നാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യും. ഇതിനായി റിവ്യൂ ഹര്‍ജി നല്‍കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവസ്ഥ വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗവും ചേരും. വൈകിട്ട് നാലിന് ഓണ്‍ലൈനിലൂടെയാണ് യോഗം. യോഗത്തില്‍ വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.