എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്‍.ഡി.എഫ്; കോടിയേരിയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് എസ്ഡിപിഐ, മറ്റ് മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ മതേതരത്വത്തിന് വേണ്ടി വലിയ പരിശ്രമം നടത്തുന്ന പാര്‍ട്ടിയാണ് ലീഗ്. ലീഗിന് എക്കാലത്തും മതേതര നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎം ഇടയ്ക്കിടെ വിമര്‍ശിച്ചാല്‍ അതിന് ഒരു പോറലുമേല്‍ക്കില്ല. എസ്ഡിപിഐയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് എല്‍ഡിഎഫാണെന്നും, അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. കോടിയേരി എസ്ഡിപിഐയുമായി സിപിഐഎമ്മിനുളള ബന്ധം പറഞ്ഞതായിരിക്കും.

തരാതരം പോലെ തീവ്രവാദ സംഘങ്ങളുമായി കൂടിയത് സിപിഎമ്മാണ്. അവരെ എന്നും സഹായിച്ച ചരിത്രമാണ് ഇടതുപക്ഷത്തിന്. മതേതരത്വ ശക്തികളെ നയിക്കാന്‍ ഇന്നും മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിന്റെ പ്രവര്‍ത്തനം ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഉണ്ടാക്കി കൊടുക്കുന്നതെന്നാണ് കോടിയേരി വിമര്‍ശിച്ചത്. മുസ്ലിം ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നത് ലീഗാണ്. ലീഗ് സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.