ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില നിന്നും മാംസം ഒഴിവാക്കിയതിനെയും ചോദ്യം ചെയ്താണ് ഹര്‍ജി. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി അഡ്വ. അജ്‌മൽ അഹമ്മദാണ് ഹർജി നൽകിയത്.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെത് നയപരമായ തീരുമാനമാണെന്നും, അത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി ആദ്യം പരിഗണനക്ക് വന്നപ്പോള്‍ കോടതി പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിശദമായി വാദം കേട്ടതിന് ശേഷമാണ് പുതിയ ഉത്തരവ്.

ഡയറി ഫാമുകള്‍ കനത്ത നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

നഷ്ടം സഹിച്ച് ഡയറി ഫാം നടത്തിക്കൊണ്ടുപോകാനാകില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചത് ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായാണ്. പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നിയമപ്രശ്നമെന്നും, ഏത് മെനുവാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന അവകാശം സർക്കാരിനുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഇതംഗീകരിച്ചു കൊണ്ടാണ് കോടതി ഹർജി തള്ളിയത്.