ലക്ഷദ്വീപ് കപ്പല്‍ ടിക്കറ്റിന് വീണ്ടും ക്ഷാമം

ലക്ഷദ്വീപ് കപ്പല്‍ ടിക്കറ്റിന് വീണ്ടും ക്ഷാമം. കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൂലം കേരളത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയാതെ നിരവധി പേരാണ് വലയുന്നത്.

ചെറുതും വലുതുമായ ഏഴ് കപ്പലുകളാണ് ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്കും തിരിച്ച് ലക്ഷദ്വീപിലേക്കും നേരത്തെ സര്‍വീസ് നടത്തിയിരുന്നത്. ഇത് ഏഴില്‍ നിന്നും രണ്ടായി കുറഞ്ഞതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്.

മൂന്ന് കപ്പല്‍ നിര്‍ബന്ധമായും സര്‍വീസ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവും ഇതുവരെ നടപ്പായിട്ടില്ല. കൂടാതെ 80 ശതമാനത്തോളം ടിക്കറ്റും ഓണ്‍ലൈന്‍ ആയി വേണം എടുക്കാന്‍. സെര്‍വര്‍ തകരാറിലാകുന്നതും, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത പലപ്പോഴും കുറയുന്നതു കാരണം ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുക്കാനും മറ്റുമായി ലക്ഷദ്വീപ് നിവാസികള്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ചികിത്സയുള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് കേരളത്തിലെത്തേണ്ട നിരവധി പേരാണ് ടിക്കറ്റ് കിട്ടാതെ വലയുന്നത്. ഇത് വലിയ യാത്ര ദുരിതമാണ് ഉണ്ടാക്കുന്നത്.