എആർ നഗർ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്

എആർ നഗർ സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയ തുകയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണവിഭാഗം ഇക്കഴിഞ്ഞ മെയ് മാസം 25ന് എആര്‍ സഹകരണബാങ്കിന് നല്‍കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന 53 പേരുടെ പട്ടികയില്‍ ഒന്നാം പേരുകാരനാണ് ഹാഷിഖ് പാണ്ടിക്കടവത്ത്. 53 പേരുടെയും നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്നാണ് ഉത്തരവിൽ പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എ ആർ നഗർ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നത് രാഷ്ട്രീയ സ്വാധീനം കാരണമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് സുപ്രധാനമായ ഈ തെളിവ് പുറത്ത് വരുന്നത്. ഹാഷിഖ് പാണ്ടിക്കടവത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും പ്രവാസി ബിസിനസുകാരനാണെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പുറത്തുവരുന്ന ഈ വാര്‍ത്ത മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Read more

എന്നാല്‍ ബാങ്കിലുള്ള നിക്ഷേപം കള്ളപ്പണം അല്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൌണ്ടിൽ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. നേർവഴിയിലൂടെയുള്ള വിനിമയമാണ് നടന്നതെന്നും രേഖകള്‍ ചാട്ടേര്‍ഡ് അക്കൗണ്ടന്റ് വഴി ആദായനികുതി വകുപ്പിന് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എത്ര രൂപയാണ് കണ്ടു കെട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നില്ലെങ്കിലും മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശ ഇനത്തിൽ ഒന്നരക്കോടിയുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ വഴി ലഭിക്കുന്ന വിവരം.