മുസ്ലിം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടി; പികെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍

മുസ്ലിം ലീഗ് എന്ന പാര്‍ട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും പാര്‍ട്ടിയായി മാറിയെന്ന് കെടി ജലീല്‍ എംഎല്‍എ. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെ സഹോദരന്‍ ലഹരി കേസില്‍ പിടിയിലായതിന് പികെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ സാമ്പത്തിക തട്ടിപ്പ് കൂടുന്നു. മുഖപത്രം പോലും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചു. ഇതിന് വെള്ളം വളവും കൊടുക്കുകയാണ് മുസ്ലിം ലീഗ് ആണെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നും കെടി ജലീല്‍ എംഎല്‍എ ചോദിച്ചു.

പികെ ഫിറോസിന്റെ സഹോദരന്‍ എത്രയോ നാളായി രാസലഹരി ഉപയോഗിക്കുന്നു. ഇതറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഫിറോസ് പൊലീസിലോ എക്‌സൈസിലോ പരാതിപ്പെട്ടില്ല നൂറ് കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച സഹോദരനെ എന്തുകൊണ്ട് ഫിറോസ് നിയന്ത്രിച്ചില്ലെന്നും ജലീല്‍ ചോദിച്ചു.

ഫിറോസ് അത് ചൂണ്ടിക്കാട്ടി കൊടുക്കുകയല്ലേ വേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന് നല്ല പ്രചാരം കിട്ടി. ആ കാമ്പയിന്‍ തീരുമാനിക്കും മുന്‍പെങ്കിലും എന്തുകൊണ്ട് ഫിറോസ് അത് പുറംലോകത്തെ അറിയിച്ചില്ല. അറിഞ്ഞുകൊണ്ട് ഒരു വസ്തുത മറിച്ചുവെച്ചത് തെറ്റ്. ഇക്കാര്യത്തില്‍ ഫിറോസിനെതിരെ കേസ് എടുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

Read more

മതവും ദീനും ഉദ്ധരിച്ച് പ്രസംഗിക്കുന്നയാള്‍ മയക്കുമരുന്നിന് അഡിക്ടായ ഒരാള്‍ വീട്ടില്‍ ഉണ്ടായിട്ട് എന്തുകൊണ്ട് അത് സമൂഹത്തെ അറിയിച്ചില്ല എന്നതിന് ഫിറോസും പാര്‍ട്ടിയും മറുപടി പറയണം. പികെ ഫിറോസിന് ഈ ലഹരി ഇടപാടില്‍ പങ്കുണ്ട് എന്നുപറഞ്ഞാല്‍ തെറ്റ് പറയാനാവുമോ എന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. വേലയും കൂലിയും ഇല്ലാത്ത ഫിറോസ് എങ്ങനെ ഇത്രയും വില കൊടുത്ത് സ്ഥലം വാങ്ങി ഇത്രയും വലിയ വീട് വെച്ചു. എന്താണ് ഫിറോസിന് ജോലി എന്താണ് വരുമാനം. വിദേശ ബിസിനസ് ഉണ്ടോ ഉണ്ടെങ്കില്‍ എന്താണ് നിക്ഷേപം ആ പണം എവിടുന്ന് കിട്ടി എന്നും കെടി ജലീല്‍ ചോദിച്ചു.