വൈപ്പറില്ല, പെരുമഴയത്ത് ഓടിയ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ചില്ലുകൾ തുടച്ചത് തോർത്തുപയോഗിച്ച്; ബസ് സാഹസിക ഓട്ടം നടത്തിയത് 104 കിലോമീറ്റർ

തകരാറിലായ വൈപ്പറുമായി പെരുമഴയത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓടിയത് 104 കിലോമീറ്റർ. യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ഓട്ടം കോട്ടയം കുറവിലങ്ങാട് മുതൽ അടൂർ വരെ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തൃശൂരിൽ നിന്ന് കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുന്ന പാറശ്ശാല ഡിപ്പോയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് എയർബസാണ് ഇങ്ങനെ അപകട യാത്ര നടത്തിയത്. തകരാറിലായ വൈപ്പർ മാറ്റിയിടാനായി രണ്ടു ഡിപ്പോകളിൽ കയറ്റിയെങ്കിലും മാറ്റാൻ സാധിച്ചില്ല. കടുത്ത മഴയ്ക്കിടെ, ഡ്രൈവർ ബസ് ആദ്യം കോട്ടയം ഡിപ്പോയിലാണ് എത്തിച്ചത്. എന്നാൽ, അവിടെനിന്ന്, അറ്റകുറ്റപ്പണി നടത്താനായില്ല.

മഴ ശമിച്ചതോടെ യാത്ര വീണ്ടും തുടങ്ങി. എന്നാൽ ബസ് ചിങ്ങവനമെത്തിയപ്പോൾ മഴ വീണ്ടും കനത്തു. ഇതോടെ യാത്രക്കാരിൽ ചിലരെ മുൻവശത്തിരുത്തി വഴി പറഞ്ഞുകൊടുത്താണ് സർവീസ് തുടർന്നത്. ഇടയ്ക്കിടെ ബസ് നിർത്തി ജീവനക്കാർ തോർത്തുപയോഗിച്ച് ചില്ലിനുമുകളിലെ ഈർപ്പം തുടച്ചുനീക്കി.

അടുത്തതായി തിരുവല്ല ഡിപ്പോയിലെ ഗാരേജിൽ ബസ് കയറ്റി. പക്ഷേ ഇവിടെയും അറ്റകുറ്റപ്പണി നടന്നില്ല. ഒരു മണിക്കൂറോളം കാത്തുകിടന്നശേഷം വൈപ്പറില്ലാതെ ബസ് യാത്ര തുടരുകയായിരുന്നു. ഒടുവിൽ അടൂരിൽവച്ച് മഴ വീണ്ടും കൂടിയതോടെ യാത്രക്കാരെ പിന്നാലെയെത്തിയ മറ്റൊരു ഫാസ്റ്റ് പാസഞ്ചറിൽ കയറ്റിവിട്ടു. കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ച ശേഷമാണ് വൈപ്പർ നന്നാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തോളമായി ഈ ബസിന്റെ വൈപ്പർ തകരാറിലാണെന്ന് ആരോപണമുണ്ട്.