റോബിൻ ബസിനെ വെല്ലുവിളിച്ച് കെഎസ് ആർടിസിയുടെ കോയമ്പത്തൂർ സർവീസ്

സംസ്ഥാനത്ത് ഗതാഗതവകുപ്പിനെ വെല്ലുവിളിച്ച് സർവീസ് നടത്തിയ റോബിൻ ബസിന് വെല്ലുവിളിയായി പുതിയ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. പുതിയ കോയമ്പത്തൂർ സർവീസുമായാണ് കെഎസ്ആർടിസിയുടെ വെല്ലുവിളി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും.

പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.

അതേ സമയം സർവീസ് നടത്തിയ റോബിൻ ബസിന് വഴി നീളെ പിഴയിട്ടായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ സ്വീകരണം. ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ മോട്ടോഴ്സിന്റെ ബസാണ് റോബിൻ ബസ്. വാഹനം വാളയാർ കടക്കുമ്പോൾ കേരള എംവിഡി ഇതുവരെ ചുമത്തിയ പിഴത്തുക മുപ്പതിനായിരം രൂപയാണ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടിരിക്കുന്നത്. അതേസമയം വാഹനം എംവിഡി കസ്റ്റഡിയിലെടുത്തില്ല.

പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ​ഗിരീഷ് വ്യക്തമാക്കി. നേരത്തെ ബസ് തടഞ്ഞ് പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയിരുന്നു.