കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവും കൂട്ടിയിടിച്ച് അപകടം, ബസ് പൂര്‍ണമായും കത്തി നശിച്ചു

കൊട്ടാരക്കരയ്ക്കടുത്ത് വയയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ തീപിടിച്ച കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തിനശിച്ചു. കിളിമാനൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം- കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്.

കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് യാത്രക്കാരെ ബസില്‍ നിന്നും ഒഴിപ്പിച്ചു. തിരുവനന്തപുരം മൂവാറ്റുപുഴ പാതയിലാണ് അപകടമുണ്ടായത്.