കെ.എസ്.ഇഫ്.ഇ റെയ്ഡ്: വിമർശനങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി, പരസ്യചർച്ച വേണ്ടെന്ന് നേതാക്കളോട് സി.പി.എം

കെഎസ്എഫ്ഇയിലെ 35 ശാഖകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ എസ്പിമാരുടെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്ക് ശേഷമേ നൽകുവെന്നാണ് വിവരം.
കെഎസ്എഫ്ഇ ചിട്ടിയിൽ അഞ്ച് ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഇതിൽ ഏതെങ്കിലും ഒന്ന് പരിശോധനയിൽ കണ്ടെത്തിയാൽ വിജിലൻസ് ഉദ്യോഗസ്ഥൻ ഇക്കാര്യം രേഖാമൂലം വിജിലൻസ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങനെ 35 ശാഖകളിൽ ക്രമക്കേട് ഉണ്ടെന്നാണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട്.

ക്രമക്കേടിന്റ വിശദാംശങ്ങൾ, ആരൊക്കെ കുറ്റക്കാർ, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് എസ്പിമാർ മുഖേന ഡയറ്കടേറ്റിലെത്താൻ രണ്ടാഴ്ചയെങ്കിലും എടുക്കും. അതിനാൽ ഓപ്പറേഷൻ ബച്ചത്തിന്റെ ക്രോഡീകരിച്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പിലെത്താൻ ഇനിയും സമയമെടുക്കും.

അതേസമയം വിജിലൻസിനെയും ഉപദേശകനെയും ചേർത്തുപിടിച്ച് പാർട്ടിക്ക് അകത്തും പുറത്തുമുള്ള വിമർശനങ്ങളുടെ മുനയൊടിക്കുകയാണ് മുഖ്യമന്ത്രി. കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയും ആസൂത്രണത്തിലെ ‘വട്ടും’ തുറന്നുപറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കാണ്. ഇതിനെ പിന്തുണച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു. ഇവരുമായി ഭിന്നതയുണ്ടെന്നത് മനസ്സിൽ വെച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി കൂടി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് വിജിലൻസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടായേക്കില്ല. മാത്രമല്ല കെഎസ്എഫ്ഇ റെയ്ഡ് സംബന്ധിച്ച് പരസ്യവിമർശനങ്ങളും പ്രസ്താവനകളും ഒഴിവാക്കണമെന്ന് നേതാക്കളോട് സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഗണ്യമായ കുറവെന്നാണ് വിജിലൻസ് ആസ്ഥാനത്ത് നിന്ന് നൽകിയ രേഖ വ്യക്തമാക്കുന്നു. 2015ൽ 297 കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2016ൽ 337 ആയി ഉയർന്നു. 2017ൽ 151 ആയി കുറഞ്ഞു. 2018 ൽ 91ഉം കഴിഞ്ഞ വർഷം 76 ഉം ആയി കുത്തനെ കുറഞ്ഞു. നിലവിൽ 331 കേസികളിൽ അന്വേഷണം തുടരുന്നുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.

വിജിലൻസ് ആസ്ഥാനത്തേക്ക് എത്തുന്ന പരാതികൾക്ക് കുറവില്ലെങ്കിലും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ സർക്കാർ അനുമതിയോടെയെ കേസ് എടുക്കാൻ കഴിയൂ. 2018- ൽ നിയമ ഭേദഗതി വന്നതിന് ശേഷം വിജിലൻസിന് ലഭിക്കുന്ന പരാതി സർക്കാരിനെ കൈമാറുന്നുണ്ടെങ്കിലും അനുമതി കിട്ടാത്തിനാലാണ് കേസുകളുടെ എണ്ണം കുറയുന്നു.