കെഎസ്ഇബി സമരം: എസ്മ ബാധിക്കില്ല, പിന്നോട്ടില്ലെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍

കെഎസ്ഇബിയിലെ പ്രശനങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍. കെഎസ്ഇബി യുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായാല്‍ ബോര്‍ഡിന് എസ്മ ഉപയോഗിക്കാമെന്ന് ഹൈകോടതി അറിയിച്ചിരുന്നു. എന്നാല്‍ എസ്മ പ്രയോഗിച്ചാലും അത് സമരത്തെ ബാധിക്കില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാര്‍ പറഞ്ഞു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചും, സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ചതിന് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. നോട്ടീസിന് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം മറുപടി നല്‍കും. അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഉത്തരവുകള്‍ ഒന്നും ഇറക്കിയിട്ടില്ല.

അതേസമയം വൈദ്യുതി ഭവന്‍ വളഞ്ഞ് സമരം നടത്തി ബോര്‍ഡ് റൂമില്‍ തള്ളിക്കയറിയ നേതാക്കള്‍ക്കെതിരെ കുറ്റപത്രം തയാറാക്കിയെങ്കിലും നല്‍കിയിട്ടില്ല. കുറ്റപത്രം നല്‍കരുതെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്.