കെ.എസ്.ഇ.ബി സമരം; വൈദ്യുതി മന്ത്രിക്ക് വിമര്‍ശനം, സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

കെഎസ്ഇബി സമരത്തെ തുടര്‍ന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയ്ക്ക് നേരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. സമരം അവസാനിപ്പിക്കാന്‍ മന്ത്രി ശ്രമിക്കുന്നില്ല. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. അഴിമതി ലക്ഷ്യം വെച്ചുള്ളനീക്കങ്ങളാണ് നടക്കുന്നത് എന്നെല്ലാമായിരുന്നു സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍.

വിഷയത്തില്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും പാര്‍ട്ടി ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമിതിയില്‍ പറഞ്ഞു. ബി അശോകിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കെഎസ്ഇബിയിലെ അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ക്ക് ചെയര്‍മാന്‍ ചുക്കാന്‍ പിടിക്കുന്നു. മന്ത്രി ഇതറിയുന്നില്ല. ചെയര്‍മാനെ കയറൂരി വിട്ടിരിക്കുകയാണെന്നുമാണ് സംസ്ഥാന സമിതിയിലെ വിമര്‍ശങ്ങള്‍. സര്‍ക്കാര്‍ സമരത്തിന് പരിഹാരമുണ്ടാക്കുമെന്നു തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്.