പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മതി, സമാന്തര പരിപാടികള്‍ പാടില്ല; തരൂരിനെ വരുതിയില്‍ നിര്‍ത്താന്‍ കെ.പി.സി.സി അച്ചടക്ക സമിതി

പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ശശി തരൂരിനെ വരുതിയില്‍ നിര്‍ത്താന്‍ കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിന് പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്ന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാവൂ.

പാര്‍ട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികള്‍ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിര്‍ദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

തരൂര്‍ വിഷയത്തില്‍ എം.കെ രാഘവന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും പരാതി കിട്ടിയിട്ടില്ല. എ.ഐ.സി.സിക്ക് പരാതി ലഭിച്ചാല്‍ പരിശോധിക്കും. തരൂര്‍ കോണ്‍ഗ്രസ് നേതാവെന്നും പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഡിസിസിയുടെ അനുമതി ആവശ്യമാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Read more

അതേസമയം കോഴിക്കോടുള്ള താരീഖ് അന്‍വര്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇടപെട്ടേക്കും. കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്‍, എം കെ രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം ഭാഗമാകും.