കൊല്ലം ഏരൂരില്‍ മാലിന്യടാങ്കിന്റെ സ്ലാബ് പൊളിഞ്ഞുവീണ്, അഞ്ച് കുട്ടികള്‍ കുഴിയില്‍ വീണ് പരിക്കേറ്റു. ഏരൂര്‍ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കുഴിയില്‍ വീണത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ രണ്ട് കുട്ടികളെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി .
ഉച്ചയ്ക്ക് ശേഷം ഒഴിവുള്ള പീരീഡില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുട്ടികള്‍ ഉറക്കെ കരഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും പിന്നീട് പൊലീസും പാഞ്ഞെത്തി, കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളെല്ലാവരും ഇപ്പോഴുള്ളത്.
കുഴിയില്‍ വീണ കുട്ടികളില്‍ രണ്ട് പേരുടെ കൈക്കും കാലിനും പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ രണ്ട് കുട്ടികളെയാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
Read more
കൈ കഴുകുന്ന പൈപ്പിന് തൊട്ടടുത്താണ് മാലിന്യടാങ്ക്. ഇതിന് തൊട്ടടുത്ത് നിന്നാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ടാങ്കിന് മുകളില്‍ കയറി കളിക്കുന്നതിനിടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. ഇതിന് മുകളില്‍ നിന്നിരുന്ന അഞ്ച് കുട്ടികളും കുഴിയില്‍ വീണു. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാലും വെള്ളമില്ലാതിരുന്നതിനാലുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.