'കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചത്'; മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു

അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കും. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സബിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍ എന്നിവര്‍ രാജിവച്ചിരുന്നു.

സിപിഐ അംഗങ്ങള്‍ രാജിവച്ചപ്പോള്‍ തന്നെ ഫെബ്രുവരി പത്തിന് താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി.

Read more

വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം. കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചതെന്ന് യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. പുതിയ മേയറെ തീരുമാനിക്കാന്‍ അടുത്ത ദിവസം സിപിഐ യോഗം ചേരും.