‘മത​ഗ്രന്ഥം സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടു പോയതില്‍ തെറ്റില്ല, നടക്കുന്നത് ഖുര്‍ആൻ അവഹേളനം’; ജലീലിന് പിന്തുണയുമായി കോടിയേരി

Advertisement

മന്ത്രി കെടി ജലീലിന് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖുര്‍ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണെന്നും നടക്കുന്നത് ഖുര്‍ആൻ അവഹേളനമാണെന്നും  ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി കുറ്റപ്പെടുത്തി. മത​ഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടു പോയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. താനും ഇപി ജയരാജനും തമ്മിൽ ഭിന്നത എന്ന വാര്‍ത്ത സങ്കൽപ്പലോകത്തെ കണ്ടെത്തൽ എന്നും കോടിയേരി വിമർശിച്ചു.

വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമസാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങൾ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുർആനോട് ആർഎസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. എന്നാൽ ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിം ലീഗിനും കോൺഗ്രസിനും എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്‌.  ഖുർആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്മ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ഇപി ജയരാജനും തമ്മിൽ ഭിന്നതയെന്ന വാര്‍ത്ത സങ്കൽപ്പലോകത്തെ കണ്ടെത്തൽ എന്നും കോടിയേരി വിമർശിച്ചു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കിൽ മകന് ഏത് ശിക്ഷയും കിട്ടട്ടെയെന്നും ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.