കൊച്ചി വിമാനത്താവള റണ്‍വെ അറ്റകുറ്റപ്പണികള്‍ ഇന്ന് ആരംഭിക്കും; പകല്‍ എട്ട് മണിക്കൂർ സര്‍വീസ് ഉണ്ടാകില്ല

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ അറ്റകുറ്റപ്പണികള്‍  ബുധനാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.

എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ അഞ്ച് വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദ് ചെയ്യപ്പെടുകയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലാക്കിയ  ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

റണ്‍വെ റീ-സര്‍ഫസിംഗ് പ്രവൃത്തിയാണ് നടക്കുന്നത്. അതായത് 10 വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. 1999-ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിലെ റൺവേ 2009-ൽ ഇത്തരത്തിൽ നവീകരിച്ചിരുന്നു. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. ടാക്സിവേ ഉൾപ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണ് റീ ടാറിംഗ്. ഓരോ ദിവസവും റീ ടാറിംഗ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കും. ഈ സാഹചര്യത്തില്‍ രാവിലേയും വൈകിട്ടും കൂടുതല്‍ തിരക്കുണ്ടാകാനുള്ള സാദ്ധ്യത പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

റൺവേ നവീകരണം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റൺവേ ലൈറ്റിംഗ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവിൽ കാറ്റഗറി 1 ലൈറ്റിംഗ് സംവിധാനം. റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ. കാറ്റഗറി നിലവാരമുയർത്തുന്നതിനായി ലൈറ്റുകൾ തമ്മിലുള്ള അകലം 15 മീറ്റർ ആയി കുറയ്ക്കും.

കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സികള്‍, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.