ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണമായും കെടുത്തി, 48 മണിക്കൂര്‍ നിതാന്ത ജാഗ്രതയെന്ന് ജില്ലാ കളക്ടര്‍, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്രം

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോര്‍ട്ട് ചോദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

അതേസമയം ബ്രഹ്‌മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തവും പുകയും പൂര്‍ണമായി ശമിച്ചു എന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.

വൈകിട്ടോടെ പ്ലാന്റിലെ 100 ശതമാനം പുകയും അണയ്ക്കാനായെന്ന് കളക്ടര്‍ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികള്‍ക്കായി അഞ്ചിടങ്ങളില്‍ കൂടി ഇന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കും.

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതല്‍ ആരംഭിക്കും.

പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നു.