ഭരണപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി ശ്രമിക്കുമ്പോള്‍ വിരട്ടല്‍ വേണ്ട; അതിന് മുന്നില്‍ കീഴടങ്ങുന്നവരല്ല കേരളീയര്‍; കേന്ദ്ര സര്‍ക്കാരിനെതിരെ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട് സംസ്ഥാനതാല്‍പ്പര്യത്തിന് എതിരാണെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരുകളുമായി നല്ല ബന്ധത്തിന് ഉതകുന്ന നിലയിലുള്ള ഒരു സമീപനമല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം, ധന ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയില്‍നിന്ന് എടുക്കുന്ന വായ്പ തുടങ്ങിയവ സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗങ്ങളില്‍ അവഗണിക്കാനാകാത്ത ഭാഗമാണ്. ഈ വരുമാനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്ന നിലയില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയേ ചെയ്യൂ.

സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര നികുതി വിഹിതത്തില്‍ പകുതിയിലേറെ കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 18,000 കോടി രൂപയുടെ നഷ്ടം നമുക്കുണ്ട്. ഈവര്‍ഷം നഷ്ടം 21,000 കോടിയായി ഉയര്‍ന്നു. കിട്ടിക്കൊണ്ടിരുന്ന തുകയിലാണ് ഈ കുറവുള്ളത്.ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാക്കിയത് കേരളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. റവന്യു കമ്മി ഗ്രാന്റിലും ഈവര്‍ഷം വലിയ കുറവുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി ഗ്രാന്റുകളിലടക്കം അര്‍ഹതപ്പെട്ടതും കേരളം മുന്‍കൂര്‍ ചെലവിട്ടതുമായ തുകകള്‍പോലും നിഷേധിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത്.

അത് ലഭ്യമാക്കുന്നതിനായി ഭരണപരമായ എല്ലാ നടപടികളും കേരളം സ്വീകരിച്ചു. കണക്കുകളെല്ലാം കൃത്യമായി നല്‍കി. അര്‍ഹതപ്പെട്ട പണം തരണമെന്ന ആവശ്യവുമായി നിയമസഭ രണ്ടുതവണ പ്രമേയം പാസാക്കി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി എന്നനിലയില്‍ ഞാനും പലതവണ വിഷയം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തി. ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി കത്തുകള്‍ നല്‍കി. രാഷ്ട്രീയമായും പ്രശ്നങ്ങള്‍ ഉയര്‍ത്തി. എന്നിട്ടും നീതി നിഷേധിക്കപ്പെടുന്ന ഘട്ടത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട ധനാവകാശങ്ങള്‍ കൃത്യമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതി കേരളത്തിനു മാത്രമല്ല

ഇതോടെ ചില രാഷ്ട്രീയ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടത് കേരളത്തിന്റെമാത്രം പ്രശ്നമല്ലെന്നത് പൊതുവില്‍ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാത്രമല്ല, കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഡല്‍ഹിയില്‍ സമരം നടത്തി. അവിടത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എംഎല്‍എമാരും എംഎല്‍സിമാരുമടക്കം സമരത്തിന്റെ ഭാഗമായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ വലിയ സമരം നടന്നു. കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്നാട്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നെല്ലാം പിന്തുണ ഉണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം രാഷ്ട്രീയ നേതൃത്വത്തിന്റെ വലിയൊരു പങ്കും കേരളത്തിന്റെ സമരത്തെ പിന്തുണച്ചു.

സുപ്രീംകോടതിയില്‍ കേരളം രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചു. അടിയന്തര ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഇടക്കാല ഉത്തരവായിരുന്നു ഒന്ന്. ഒരു സംസ്ഥാനമായാലും സ്ഥാപനമായാലും വ്യക്തിയായാലും ആവശ്യങ്ങള്‍ക്ക് പണ ലഭ്യത എന്നത് പ്രധാന പ്രശ്നമാണ്. അത് സമയത്തിന് കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം ഉണ്ടാകണമെന്നതിനാലാണ് ഇടക്കാല ഉത്തരവ് തേടിയത്. സംസ്ഥാനവും കേന്ദ്രവും

തമ്മിലുള്ള തര്‍ക്കത്തില്‍ പരസ്പര ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തിക്കൂടേ എന്ന അഭിപ്രായം സുപ്രീംകോടതി മുന്നോട്ടുവച്ചു. കേരളത്തിന്റെ പ്രതിനിധിയായ അഭിഭാഷകന്‍ അപ്പോള്‍ത്തന്നെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചു. ഉച്ചയ്ക്കുശേഷം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു. കേരളം ചര്‍ച്ചയെ ഗൗരവത്തില്‍ത്തന്നെയാണ് സമീപിച്ചത്. എന്നാല്‍, ചര്‍ച്ചയില്‍ കേന്ദ്രം എടുത്ത നിലപാട് ആശാവഹമായിരുന്നില്ല.

ബ്ലാക്ക് മെയിലിങ്

കേരളത്തിന് ഇപ്പോള്‍ സ്വാഭാവികമായും 13,609 കോടി രൂപ കിട്ടേണ്ടതുണ്ട്. ഈ പണം തരണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കണം എന്നതായിരുന്നു കേന്ദ്ര നിലപാട്. കഴിഞ്ഞ 19ന് സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിലപാട് വിചിത്രമായിരുന്നു. പണം കൊടുക്കാനുണ്ട്, എന്നാല്‍, ഹര്‍ജി പിന്‍വലിച്ചാലേ നല്‍കൂ എന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണ് കേന്ദ്രത്തില്‍നിന്ന് ഉണ്ടായത്. ഓരോ വ്യക്തിക്കും തന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. കോടതിയിലേക്ക് പോകത്തക്ക നിലയില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലൊരു തര്‍ക്കമുണ്ടാകുന്നത് അത്യപൂര്‍വ സംഭവമാണ്. എന്നാല്‍, ഇവിടെ തര്‍ക്കപരിഹാരത്തിന് നേരെ കോടതിയെ സമീപിക്കുകയായിരുന്നില്ല. മറ്റ് മാര്‍ഗങ്ങളെല്ലാം തേടിയ ശേഷമാണ് കോടതിയെ സമീപിച്ചത്. കേസ് നിലനില്‍ക്കുന്നതിനാല്‍ പണം തരാന്‍ കഴിയില്ലെന്ന വാദത്തില്‍നിന്നുതന്നെ കേരളം പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് തെളിയുന്നത്. ഊര്‍ജ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഫലമായി കടം എടുക്കാന്‍ അനുവദിച്ച 4866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതുമൂലം കടമെടുപ്പില്‍ കുറച്ച 4323 കോടി, കഴിഞ്ഞവര്‍ഷത്തെ വായ്പാനുമതിയില്‍ ബാക്കിനില്‍പ്പുള്ള 1877 കോടി, പുനര്‍വായ്പ (റീപ്ലെയ്സ്മെന്റ് ലോണ്‍) ഇനത്തിലെ 2543 കോടി എന്നിങ്ങനെ 13,609 കോടിയുടെ വായ്പാനുമതിയിലെ തുക എടുക്കാന്‍ സമ്മതിക്കാമെന്നാണ് കേന്ദ്ര നിലപാട്. അത് സാധാരണ ലഭിക്കേണ്ട തര്‍ക്കരഹിതമായ വായ്പയാണ്. അത് ലഭിക്കണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് പറയുന്നത് ‘ബ്ലാക്ക് മെയിലിങ്’ ആണ്. സംസ്ഥാനത്തെ സമ്മര്‍ദത്തിലാക്കി ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ്.

സംസ്ഥാനം നല്‍കിയ കേസില്‍ നീതിയുക്തമായ കാര്യങ്ങള്‍ ഉണ്ടെന്നത് തിരിച്ചറിഞ്ഞുള്ള സമ്മര്‍ദതന്ത്രമാണ് പിന്‍വലിക്കല്‍ ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്. കേരളത്തിനുനേരെ ‘മര്‍ക്കട മുഷ്ടി’ കാട്ടുകയാണ്. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുന്നത്. ഇതിനുപുറമെ ഊര്‍ജമേഖലയിലെ പരിഷ്‌കാര നടപടികള്‍ക്കായി അര ശതമാനം അധികവും അനുവദിക്കുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ചത് 2.44 ശതമാനം മാത്രമാണ്. ഇതേ കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെ ധനകമ്മി 6.4 ശതമാനമായിരുന്നു. ഈവര്‍ഷം പുതുക്കിയ കണക്കിലും 5.8 ശതമാനമാണ്. അടുത്തവര്‍ഷം 5.1 ശതമാനം കടം എടുക്കേണ്ടിവരുമെന്ന് ബജറ്റില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ വായ്പയുടെ ഇരട്ടിയാണ് കേന്ദ്രം എടുക്കുന്നത്.

സമ്മര്‍ദം, മുതലെടുപ്പ് ശ്രമം

സാമ്പത്തിക വര്‍ഷാവസാന മാസമായ മാര്‍ച്ചില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ചെലവാണുള്ളത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ് 22,000 കോടിയോളം രൂപയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍, ഒരു സംസ്ഥാനത്തിനു നേരെയാണ് ഈ രീതി പ്രയോഗിക്കുന്നത്. സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നതുതന്നെയാണ് കേരള സര്‍ക്കാരിന്റെ പ്രതീക്ഷ. ഭരണഘടന അനുസരിച്ച് കോടതിയിലൂടെ ഒരു തര്‍ക്കപരിഹാരം ആവശ്യപ്പെടുമ്പോള്‍, അത് പാടില്ലെന്നാണ് കേന്ദ്രം പറയുന്നത്. നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തിന്റെ ആശുപത്രികളിലെ മരുന്നും സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം തരില്ലെന്ന് പറയുന്നതും കേരളത്തോടുള്ള വെല്ലുവിളിയാണ്. അര്‍ഹതപ്പെട്ടത് ലഭിക്കണമെങ്കില്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലെന്ന ധിക്കാരംനിറഞ്ഞ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനാധിപത്യപരമായും നിയമപരമായും സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. കിട്ടുന്നത് വാങ്ങി നിശ്ശബ്ദരായി ഇരിക്കാന്‍ പറഞ്ഞാല്‍ അതിന് കേരളത്തെ കിട്ടില്ല. അധികാരം കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ് എന്നതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ ഏറ്റവും ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഗൗരവതരമാണ്. ഇത് നീതിപൂര്‍വം പരിഹരിക്കാനുള്ള ആര്‍ജവമാണ് കേന്ദ്രം കാട്ടേണ്ടത്. അല്ലാതെ ഭരണപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനായി ശ്രമിക്കുമ്പോള്‍ വിരട്ടലിന്റെ പാത സ്വീകരിച്ചാല്‍, അതിനുമുന്നില്‍ കീഴടങ്ങുന്നവരല്ല കേരളീയര്‍. ഉന്നയിച്ച വിഷയങ്ങളില്‍ ന്യായമായ പരിശോധനകളും പരിഹാര നടപടികളുമാണ് വേണ്ടത്.