പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്ക് ആശ്വാസം; വിജിലന്‍സ് എഫ്‌.ഐ.ആര്‍ ഹൈക്കോടതി റദാക്കി; സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഷാജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. നേരത്തെ കോഴക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദാക്കിയിരിക്കുന്നത്.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങി എന്നാണ് പരാതി ഉയര്‍ന്നിരുന്നത്. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. വിജിലന്‍സ് എസ് പി കഴമ്പില്ലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണത്തിനിടെ ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് പണം പിടിച്ചെടുത്തിരുന്നു. 47 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇ.ഡിയും കെ.എം ഷാജിക്കെതിരെ കേസെടുത്തിരുന്നു.