കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്ന് മത്സരിക്കും. പേരാവൂരില്‍ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെയാണ് നിലവിലെ മട്ടന്നൂര്‍ എംഎല്‍എയും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച് എംഎല്‍എയുമായ സിപിഎം നേതാവിന് ഇക്കുറി മട്ടന്നൂരില്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെകെ ശൈലജ ഉണ്ടായിരുന്നില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു.

നിലവില്‍ മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ കെ ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മട്ടന്നൂരില്‍ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം. സ്ഥാനാര്‍ഥിപ്പട്ടിക തീരുമാനിക്കാനായി ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ മന്ത്രിമാരും നിലവിലെ എം.എല്‍.എ.മാരില്‍ ഭൂരിപക്ഷവും മത്സരിക്കട്ടെയെന്നാണ് തീരുമാനമെന്നിരിക്കേ ”എന്നെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തുന്നത്” എന്ന ചോദിച്ചിരുന്നു.

Read more

ഇതോടെ മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ കെ ശൈലജയെ യുഡിഎഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ കളത്തിലിറക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇതോടെ പേരാവൂരില്‍ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചു. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു. തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മല്‍സരിക്കാത്തതിനാല്‍ ഭാര്യ കൂടിയായ പി കെ ശ്യാമളയും മത്സരിക്കും. ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു ശ്യാമള.