ചരിത്ര നേട്ടവുമായി കേരളം; ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്

ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേട്ടവുമായി കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് ആദ്യമായി ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

96 ശതമാനം പോയിന്റോടെയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന് അംഗീകാരം നേടിയത്. കേരളത്തിലെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇതുവരെ സംസ്ഥാനത്ത് 45 ആശുപത്രികള്‍ക്കാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിന് പുറമേ 10 സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ദേശീയ ലക്ഷ്യ അംഗീകാരം ലഭിച്ചിട്ടുണ്ട്.