വീണ്ടും കടമെടുക്കാന്‍ കേരളം; 4886 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച

സുപ്രീംകോടതി നിര്‍ദ്ദേശിച്ചതില്‍ ശേഷിച്ച തുകയും കടമെടുക്കാന്‍ കേരളം. 4866 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രാനുമതി ലഭിച്ചത്. ചൊവ്വാഴ്ച കടപ്പത്രങ്ങളുടെ ലേലം നടക്കും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 13,068 കോടിയില്‍ ശേഷിക്കുന്ന തുകയാണ് കേരളം കടമെടുക്കുക.

ഇതേ തുടര്‍ന്ന് ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനല്‍കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് അയവ് വന്നതോടെ കൂടുതല്‍ ചെലവുകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചിട്ടുണ്ട്.

വൈദ്യുതി മേഖലയുടെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് ജിഡിപിയുടെ അരശതമാനം അധിക വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിലവില്‍ 4886 കോടിയുടെ കടമെടുപ്പ് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ അവസാന ലേലമാണിത്.