കേരള സോഷ്യല്‍ ഫോറം സംഘാടക സമിതി രൂപീകരിച്ചു; പരിപാടി നവംബര്‍ 18, 19 തീയതികളില്‍ തൃശൂരില്‍

വേള്‍ഡ് സോഷ്യല്‍ ഫോറവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 24ന് തൃശ്ശൂരില്‍ സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ അന്തര്‍ദേശീയ തലത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വേള്‍ഡ് സോഷ്യല്‍ ഫോറം. 2024 ഫെബ്രുവരി 15 മുതല്‍ 19 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് വേള്‍ഡ് സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.

ഇതിന് മുന്നോടിയായി ഇന്ത്യയിലും സോഷ്യല്‍ ഫോറം സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ 2 മുതല്‍ 5 വരെ ബീഹാറിലെ പാട്‌നയിലാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്നത്. തൃശ്ശൂരില്‍ രൂപീകരിച്ച സംസ്ഥാനതല സംഘാടക സമിതിയില്‍ ശരത് ചേലൂര്‍, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെ വിശകലനം ചെയ്യുന്ന ചര്‍ച്ചകളും സംവാദങ്ങളും കേരള സോഷ്യല്‍ ഫോറം മുന്നോട്ടു വയ്ക്കും. കൂടാതെ കലാ സാംസ്‌കാരിക പരിപാടികളും വിവിധ വിഷയങ്ങളിലുള്ള ശില്പശാലകളും എക്സിബിഷനുകളും സോഷ്യല്‍ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബര്‍ 18,19 തീയതികളില്‍ തൃശൂരിലാണ് കേരള സോഷ്യല്‍ ഫോറം നടക്കുക.

സിആര്‍ നീലകണ്ഠന്‍, അന്‍വര്‍ അലി, എസ്പി രവി, ബെന്നി ബെനഡിക്ട്, സീന പനോളി, ജിനു സാം ജേക്കബ്, ആശ ആര്‍കെ, സാന്‍ജോ, വിപിന്‍ദാസ്, വിളയോടി വേണുഗോപാല്‍, കാര്‍ത്തിക് ശശി, മായ എസ്പി, ഐ ഗോപിനാഥ്, കെ രാധാകൃഷ്ണന്‍, സിജി ബൈജു, അനീഷ് ലൂക്കോസ്, കനക ദുഗ്ഗ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.