എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

വെള്ളാപ്പള്ളി കഴിഞ്ഞ ദിവസങ്ങളിലായി മുസ്‌ലിം പ്രീണനം ആരോപിച്ച് മുസ്‌ലിം സമുദായത്തിനെതിരെ നടത്തുന്ന ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം പ്രീണനം ആരോപിക്കുന്ന വെള്ളാപ്പള്ളി ആര്‍ക്കോവേണ്ടി കുഴലൂതുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീനും ജനറല്‍ സെക്രട്ടറി എംഎച്ച് ഷാജിയും പറഞ്ഞു.

അധികാരസ്ഥാനങ്ങളില്‍ നിന്ന് ജനസംഖ്യാനുപാതികമായി എന്താണ് മുസ്‌ലിം സമുദായത്തിനു ലഭിച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സര്‍ക്കാറില്‍ നിന്ന് നേടിയ അധികാരസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. ഇക്കാര്യത്തില്‍ ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കൗണ്‍സില ആവശ്യപ്പെട്ടു.

സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയും മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നവോത്ഥാന നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.