പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് മോദിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ശേഷം ഉച്ചയ്ക്ക് രണ്ടരയോടു കൂടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും.

തിരുവല്ലയിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളും മറ്റ് ബിജെപി നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തെ അനുഗമിക്കും. പോലീസിനു പുറമെ അർദ്ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശേഷം കട്ടപ്പനയിലും പിന്നീട് കൊച്ചിയിലും പ്രചാരണത്തിനെത്തും. രാവിലെ 10:50ന് മുഹമ്മ കാവുങ്കലിൽ പൊതുയോഗത്തിൽ സംസാരിക്കും. പന്ത്രണ്ടരയ്ക്ക് കട്ടപ്പനയിൽ റാലിയിൽ പങ്കെടുക്കും. തുടർന്ന് ഫോർട്ട് കൊച്ചിയിൽ മുഹമ്മദ് ഷിയാസിനു വേണ്ടിയും കുന്നത്തുനാട് വി.പി സജീന്ദ്രനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.

Read more