സ്ഥലം സർക്കാർ കണ്ടെത്തണം; അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.ആനയെ എവിടേക്ക് മാറ്റണം എന്ന് സർക്കാർ തന്നെ തീരുമാനിച്ച് സ്ഥലം കണ്ടെത്തണം.ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണമെന്നും കോടതി അറിയിച്ചു.

സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേ സമയം കേസ് പരിഗണിക്കുന്നതിനിടെ വനം വകുപ്പിനെ കോടതി വിമർശിച്ചു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

ഏറ്റവും പ്രശ്നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്ക്ക് ഫോഴ്സ് രൂപികരിക്കാം. എന്നാൽ ടാസ്ക് ഫോഴ്സിൽ ഒരാൾക്ക് ഉത്തരവാദിത്വം വേണം. അത് ഡി എഫ് ഒ ആയാലും വൈൽഡ് ലൈഫ് വാർഡൻ ആയാലും പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മെയ്3 ന് പരിഗണിക്കും.

വിദഗ്ദ്ധ സമിതിയുടെ കൺവീനർ സ്ഥലത്ത് ഇല്ലെന്ന് സർക്കാർ അറിയിച്ചു. പ്രത്യേക ടാസ്ക് ഫോഴ്സ് എന്തായി എന്ന് കോടതി ചോദിച്ചു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണം എന്നതിൽ വിദഗ്ദ്ധ സമിതി സീൽഡ് കവറിൽ സജഷൻ തരട്ടെ എന്നും സർക്കാർ കോടതിയിൽ പറഞ്ഞു.