രാജ്യത്ത് ധാര്‍മ്മികമായി ഏറ്റവും തകര്‍ന്ന സംസ്ഥാനമായി കേരളം മാറി: പി.എസ് ശ്രീധരന്‍ പിളള

രാജ്യത്ത് ഏറ്റവും ധാര്‍മികമായി തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും അവയെ കുറിച്ചൊന്നും സംസാരിക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെയും സമാന പ്രസ്താവനയുമായി ശ്രീധരന്‍ പിളള രംഗത്തുവന്നിരുന്നു. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ നൂറാം വാര്‍ഷികം- ആയുര്‍ശതം 22- ഉദ്ഘാടനം ചെയ്ത വേദയിലായിരുന്നു അദ്ദേഹം അന്ന് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്.

കുറ്റകൃത്യങ്ങളുടെ എണ്ണം കൊണ്ടല്ല, ഒരു ലക്ഷം പേരില്‍ എത്രപേര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു എന്നു നോക്കിയാണ് ക്രൈം റേറ്റ് നിശ്ചയിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 444 പേര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ഇത് 272 ആണ്. ഇന്ത്യയുടെ ശരാശരി നിരക്ക് 222 ആകുമ്പോഴാണ് കേരളത്തില്‍ നിന്നും 444 എന്ന കണക്ക് പുറത്തുവരുന്നത്.

ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മുന്‍ മുഖ്യമന്ത്രിയുടേയോ പേരില്‍ ആരോപണ പ്രത്യാരാപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയല്ല, ഒരു ജനസഞ്ചയത്തിന്റെ മനോനില എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ കാരണം കണ്ടുപിടിക്കാനാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.