കേരള വനം വികസന കോര്‍പ്പറേഷന്‍; പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ വളഞ്ഞ വഴിയുമായി സിഐടിയു നേതാവ്

പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോര്‍പ്പറേഷനില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2022 നവംബറിലെ മന്ത്രിസഭ തീരുമാന പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സാധിക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 60 ആയി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍.

എല്‍ഡിഎഫ് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രായ പരിധി ഉയര്‍ത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയിരിക്കുന്നത് സിഐടിയു യൂണിയന്‍ നേതാവായിരുന്ന ടികെ രാധാകൃഷ്ണനാണ്. നിലവില്‍ രാധാകൃഷ്ണന്‍ തൃശൂര്‍ ഡിവിഷണല്‍ മാനേജരാണ്. ഇയാളുടെ അപേക്ഷ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബോര്‍ഡിലെ സിപിഎം-സിപിഐ പ്രതിനിധികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. രാധാകൃഷ്ണന്റെ അപേക്ഷ സര്‍ക്കാര്‍ നിലപാടിന് എതിരാണെന്നാണ് ഇടതുപക്ഷ പ്രതിനിധികള്‍ ഉന്നയിച്ചത്. ബോര്‍ഡ് അംഗങ്ങള്‍ എതിര്‍ത്തതോടെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. 24ന് രാവിലെ കോട്ടയം ഹെഡ് ഓഫീസില്‍ യോഗം നടക്കും.