വയനാട്ടില്‍ കെ സുരേന്ദ്രന്‍; കൊല്ലത്ത് കൃഷ്ണ കുമാര്‍; എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍; ആലത്തൂരില്‍ എസ്എഫ്‌ഐ ശവക്കല്ലറയൊരുക്കി റീത്ത് വെച്ച് സരസു ടീച്ചര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച് കേരളത്തില്‍ നിന്നുള്ളവരും. കേരളത്തില്‍ ഒഴിച്ചിട്ടിരുന്ന നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനെ മത്സരിപ്പിക്കുന്നത്.

കൊല്ലത്ത് സിനിമാ നടന്‍ ജി.കൃഷ്ണകുമാറും, ആലത്തൂരില്‍ ഡോ.ടി.എന്‍.സരസു, എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണനും ജനവിധിതേടും.
പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നല്‍കിയ പ്രിന്‍സിപ്പല്‍ ഡോ. ടി. എന്‍ സരസു ടീച്ചറാണ് ആലത്തൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

സരസു ടീച്ചര്‍ വിരമിച്ച വേളയില്‍ വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചിരുന്നു. ഇത് ഇടത് സംഘടനയിലെ അദ്ധ്യാപകര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചതാണെന്ന് ടീച്ചര്‍ ആരോപിച്ചിരുന്നു.

25 വര്‍ഷം അധ്യാപികയായി ജോലിശേഷം തിരികെ വിക്ടോറിയ കോളേജിലേക്ക് പ്രിന്‍സിപ്പാള്‍ ആയി എത്തിയ അവര്‍ ഒരു വര്‍ഷത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച 2016 മാര്‍ച്ച് 31 നാണ് കോളേജ് കാമ്പസില്‍ ചിതയൊരുക്കി യാത്രയപ്പ് നല്‍കിയത്. കാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിലനിന്ന നിരന്തര തര്‍ക്കമാണ് ഇതിലേക്ക് ഇടയാക്കിയത്.

അഞ്ചാം പട്ടികയോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എന്‍ഡിഎക്കു സ്ഥാനാര്‍ഥികളായി.