പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങും; ആലപ്പുഴയില്‍ മത്സരിക്കാന്‍ തയാര്‍; നയം വ്യക്തമാക്കി കെസി വേണുഗോപാല്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇങ്ങനെ ഒരു നിര്‍ദേശം ഉണ്ടായാല്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അദേഹം വ്യക്തമാക്കി. എപ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഏറെ ഇഷ്ടം. തന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെസി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഇടതുപക്ഷ സ്വാധീനം കാരണമാണെന്ന എം.വി. ഗോവിന്ദന്റെ അഭിപ്രായം ബാലിശമാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടിയെടുക്കുന്ന തീരുമാനം ആരുടെയെങ്കിലും വകയാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.