കാട്ടാക്കട കൊലപാതകം: ഏഴ് പേര്‍ അറസ്റ്റില്‍; കൊലയ്ക്ക് പിന്നില്‍ മണ്ണ് കടത്തല്‍ തടഞ്ഞതിലുള്ള വൈരാഗ്യം

കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെ.സി.ബി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ എല്ലാം പിടിയിലായെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ മണ്ണ് കടത്തല്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട ബൈജു ഒഴികെ മറ്റെല്ലാവരും പിടിയിലായെന്നും റൂറല്‍ എസ്.പി ബി അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ ഏഴ് പേര്‍ ഇപ്പോള്‍ അറസ്റ്റിലാണ്.

കേസിലെ മുഖ്യപ്രതി നേരത്തെ കീഴടങ്ങിയിരുന്നു. ഒളിവിലായിരുന്ന ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്. ജെസിബിയുടെ ഉടമയാണ് ഇയാള്‍. സംഗീതിനെ ആദ്യം പ്രതികള്‍ ടിപ്പര്‍ ലോറി കൊണ്ട് ഇടിക്കുകയും പിന്നാലെ ജെസിബിയുടെ യന്ത്രക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റൂറല്‍ എസ്പി വിശദീകരിച്ചു.

ലിനു ആണ് ടിപ്പര്‍ ലോറി ഓടിച്ചതെന്നും മണ്ണുമാന്തി നിയന്ത്രിച്ചത് വിജിനായിരുന്നുമെന്നാണ് കണ്ടെത്തല്‍. നെഞ്ചിനും തലയ്ക്കുമേറ്റ പരിക്കാണ് സംഗീതിന്റെ മരണകാരണം. പൊലീസ് എത്താന്‍ വൈകിയെന്ന പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. സംഘം അന്നേ ദിവസം അഞ്ച് പറമ്പുകളില്‍ നിന്ന് മണ്ണ് കടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മണ്ണ് മാഫിയ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പ്രതികളുടെ രാഷ്ട്രീയബന്ധം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റൂറല്‍ എസ്പി പറഞ്ഞു. എല്ലാ കുറ്റവാളികളെയും പിടിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും എസ് പി വ്യക്തമാക്കി. പൊലീസിനെ വിളിച്ചുവരുത്തുന്നു എന്നറിഞ്ഞാണ് വണ്ടി കയറ്റി ഇറക്കിയതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ ടിപ്പര്‍ ഉടമ ഉത്തമനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയില്‍. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും. കേസില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്നു. വിവാദമുയര്‍ന്നതോടെയാണ് പ്രതികളെ പിടികൂടുന്നതിനുളള നടപടികള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്.